Trending

അങ്ങനെ ജയനാശാന്റെ 'സ്വപ്‌നം സഫലമാകുന്നു'; ലൈസന്‍സും 'വെള്ളത്തില്‍', റദ്ദാക്കാന്‍ തീരുമാനം


കനത്ത മഴയ്ക്കിടെ പൂഞ്ഞാറില്‍ വെള്ളക്കെട്ടിന് കുറുകെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കൂടുതല്‍ നടപടികള്‍.ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം ആവശ്യപ്പെട്ടു.

 രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ 184-ാം വകുപ്പ് പ്രകാരമാണ് നടപടി.

കഴിഞ്ഞദിവസമാണ് ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ജയദീപിനെ മന്ത്രി ആന്റണി രാജു സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. 

ഇതിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്. താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും ജയദീപ് പറഞ്ഞിരുന്നു. 

കെഎസ്ആര്‍ടിസി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജയദീപ് പറഞ്ഞിരുന്നു. യൂണിയന്‍ നോക്കിയാണ് കെഎസ്ആര്‍ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും തനിക്കെതിരായ നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും ജയദീപ് പറഞ്ഞു.

ജയദീപ് പറഞ്ഞത് ഇങ്ങനെ: ''പണത്തിന് വേണ്ടി അല്ല ഞാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലിക്ക് പോകുന്നത്. ത്രില്ലിനാണ് ബസോടിക്കുന്നത്. യാത്രക്കാരെ രക്ഷിക്കാന്‍ നോക്കിയിട്ട് എനിക്ക് പണി തരാനാണ് കെഎസ്ആര്‍ടിസി നോക്കുന്നത്. ഒരിക്കലും കെഎസ്ആര്‍ടിസി രക്ഷപ്പെടാന്‍ പോകുന്നില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് നിശ്ചലമാകും. നിശ്ചലമാകണം എന്നാണ് ഞാന്‍ പറയുന്നത്. പരസ്പരം പാരവെയ്പ്പാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത്. യൂണിയന്‍ നോക്കിയാണ് കെഎസ്ആര്‍ടിസില്‍ എല്ലാം തീരുമാനിക്കുന്നത്. എന്റെ സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണ്. ഞാന്‍ ഇവിടുത്തെ ഐഎന്‍ടിയുസി പ്രസിഡന്റാണ്. പ്രതികരിച്ചതിന്റെ പേരില്‍ ജോലി പോകുമെന്ന പേടി എനിക്കില്ല. എന്റെ ജീവിതം ഭദ്രമാണ്. സ്വന്തമായി അഞ്ചേക്കര്‍ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെന്‍ഷനുണ്ട്. സഹോദരിമാര്‍ അമേരിക്കയിലാണ്. അവര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവര്‍ പണവും അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്.''
T News

working in the field of advertising and printing

Post a Comment

Previous Post Next Post