Trending

ക്യാമറയെ മറയ്ക്കാൻ നമ്പർപ്ലേറ്റ് മറച്ചു; പക്ഷേ, ഇൻസ്റ്റഗ്രാം ചതിച്ചു, പിടിവീണു


കാക്കനാട് : ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പർബൈക്കിന് മോട്ടോർവാഹന വകുപ്പിന്റെ പിടിവീണു. കഴിഞ്ഞദിവസം ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത സൂപ്പർബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചാൽ നിർത്തില്ലെന്ന് മനസ്സിലായതോടെ ബൈക്കിന്റെ ചിത്രം മുഴുവനായി പകർത്തി. പരിശോധനയിൽ ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐ.ഡി. കണ്ടു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വലയിലാക്കിയത്.

സൂപ്പർബൈക്കുകളിലെ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചുമാറ്റി ഫ്രീക്കന്മാർ പായുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡിന് രൂപംനൽകിയാണ് ഇത്തരം നിയമലംഘകരെ പൂട്ടുന്നത്.

2019 ഏപ്രിലിന് ശേഷം നിർമിച്ച വാഹനങ്ങൾക്ക് അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു. സ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ നമ്പർപ്ലേറ്റ് പൊട്ടിച്ചാൽ മാത്രമേ അഴിക്കാൻ കഴിയൂ. എന്നാൽ, നിരവധിപേരാണ് ഈ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് നമ്പരില്ലാതെ ഓടിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് അധികൃതർ പരിശോധന കടുപ്പിച്ചത്.

നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട് കോടതിയിലേക്ക് കൈമാറും. കഴിഞ്ഞദിവസം പിടികൂടിയ ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബൈക്ക് ആലുവ പോലീസിന് കൈമാറി. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.

അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പർപ്ലേറ്റുകൾ പിടിപ്പിക്കുന്നത് നമ്പർപ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കി കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. വ്യക്തമാക്കി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ്. ജയരാജ്, അസി. വെഹിക്കിൾ ഇൻസ്പെക്ടർ നിഷാന്ത് ചന്ദ്രൻ, ഡ്രൈവർ ജിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post