കണ്ണൂർ ആറളം ഫാമിൽ യുവാവിന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം. കൊളപ സ്വദേശി റിജേഷ് (37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കളള്ചെത്ത് തൊഴിലാളിയായ യുവാവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആറളം ഫാമിലെ ഒന്നാം ബ്ലോക്കിൽ റിജേഷ് കളള് ചെത്താൻ പോയപ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ആക്രമിച്ചത് ഒറ്റയാന്‍ ആണെന്നാണ് വിവരം. രാവിലെ ഫാമില്‍ എത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും,പൊലീസും എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇതോടെ കൊട്ടിയൂര്‍ പഞ്ചായത്തിലും, ആറളം ഫാമിലും, ആറളം ആദിവാസി പുനരധിവാസ മേഖലയിലുമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ആറളം ഫാമിലെ തെങ്ങു കൃഷിയും മറ്റും കാട്ടാനകള്‍ എത്തി നശിപ്പിക്കുന്നതും സ്ഥിരം പ്രശ്‌നമാണ്. മുപ്പതിലധികം കാട്ടാനകൾ ആറളം ഫാമിൽ സ്ഥിരമായി തമ്പടിക്കുന്നതായാണ് വിവരം.
