താമരശ്ശേരി: സ്വർണ കടത്തുകാരനായി കളത്തിലിറങ്ങി പിന്നീട് കടത്തുകാരെ ഏർപ്പാടാക്കിക്കൊടുക്കൽ ആരംഭിച്ച് ,അതിനു ശേഷം സ്വർണക്കടത്തു സംഘ തലവനായി മാറിയ കഥയാണ് നാട്ടുകാർക്ക് സ്വാലിഹിനെ കുറിച്ച് പറയാനുള്ളത്.
നാട്ടിൽ നിന്നും വിസിറ്റിംഗ് വിസയിൽ ആളുകളെ ദുബൈയിൽ എത്തിച്ച് തിരികെ പോകുംമ്പോൾ സ്വർണം കൊടുത്തുവിടുന്ന രീതിയാണ് തുടരുന്നത്. ഇത്തരം കടത്തുകാർക്ക് ഒറ്റത്തണ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ ലഭിക്കും.
ഇരുപതിലധികം സ്ത്രീകൾ പതിവായി സ്വർണം കടത്താൻ വിദേശയാത്ര ചെയ്യാറുണ്ടെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. ചില കുടുംമ്പങ്ങളേയും വിദേശത്ത് എത്തിച്ച് സ്വർണക്കടത്തിനായി ഉപയോഗിക്കാറുണ്ട്.
നാട്ടിൽ ചില സംഘട്ടനങ്ങളുടെ പേരിൽ നേരത്തെ ക്രിമിനൽ കേസിൽ സ്വാലിഹും, സഹോദരനും പ്രതിയായിട്ടുണ്ടെങ്കിലും, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടിട്ടില്ല.
കൊടുത്തയച്ച സ്വർണം തിരികെ ഏൽപ്പിക്കാത്തതിനാൽ പന്തിരിക്കര സ്വദേശി ഇർഷാദിനെ കൊലപ്പെടുത്തിയതിൻ്റെ അന്വേഷണം സ്വാലിഹിലേക്കാണ് നീങ്ങുന്നത് ,ഇത് സാധൂകരിക്കുന്ന ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പുതുപ്പാടി കൊട്ടാരക്കോത്ത് കൊട്ടാര സമാനമായ വീടിൻ്റെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും സ്വാലിഹ് അധിക സമയമൊന്നും ഇവിടെ എത്താറില്ലായെന്ന് അയൽക്കാർ പറയുന്നു.
