കൊച്ചി: അങ്കമാലിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ളോർ ബസുമാണ് കൂട്ടിയിടിച്ചത്.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് തൊട്ടുമുന്നിൽ വച്ചായിരുന്നു അപകടം. ബസ് സ്റ്റാൻഡിലേയ്ക്ക് കയറുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസിന്റെ പുറകിലായി ലോറിയും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരി ചില്ല് തകർന്ന് റോഡിലേയ്ക്ക് വീഴുകയായിരുന്നു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന (38)യാണ് മരിച്ചത്. ചില്ല് തകർന്നതിന് പിന്നാലെ റോഡിലേയ്ക്ക് തലയിടിച്ച് വീണതാണ് മരണകാരണം.
വിദേശത്തായിരുന്ന ഇവർ രാത്രിയോടുകൂടി നാട്ടിലെത്തിയതായിരുന്നു. നെടുമ്പാശേരിയിൽ നിന്ന് ലോ ഫ്ളോർ ബസിൽ കയറി മലപ്പുറത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. സെലീനയുടെ രണ്ട് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.


