താമരശ്ശേരി: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ വെച്ച് തുന്നിയ സംഭവം പുറത്തു പറഞ്ഞ ഇരക്കെതിരെ ഡോക്ടർമാർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു എന്നാരോപിച്ചാണ് പരാതി.
അനാസ്ഥ കാട്ടിയ ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് യുവതിയേയും, കുടുംബത്തേയും സമ്മർദ്ദത്തിലാക്കി ഒത്തുതീർപ്പിൽ എത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഡോക്ടർമാരുടെ പരാതി എന്നാണ് സംശയം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ക്രൂരമായ അനാസ്ഥകാരണം യുവതി വേദന അനുഭവിച്ച് ജീവിച്ചത് അഞ്ചു വർഷമാണ്.
സിസേറിയൻ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ മറന്നു വെച്ച കത്രികയുമായാണ് അഞ്ചു വർഷം ജീവിതം തള്ളി നീക്കിയത്.
അടിവാരം സ്വദേശിനി ഹർഷീനക്കായിരുന്നു ദുരനുഭവം.
2017 നവമ്പർ മുപ്പതിനാണ് മൂന്നാമത്തെ പ്രസവത്തോടനുബന്ധിച്ച് ശസ്ത്രക്രിയ നടത്തിയത്, ആ സമയം പ്രസവം നിർത്തുക കൂടി ചെയ്തിരുന്നു.ഈ അവസരത്തിലാണ് കത്രിക വയറ്റിൽ പെട്ടത്. മൂന്നു പ്രസവവും സിസേറിയൻ ആയതിനാൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി ഹർഷീന പറയുന്നു. സിസേറിയന് ശേഷം അസഹനീയമായ വേദനയായിരുന്നു. 5 ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ ആറുമാസമായി അതിശക്തമായ വയറുവേദന അനുഭവപ്പെട്ടിരുന്നു,
പല പരിശോധനകൾ നടത്തിയിരുന്നെങ്കിലും വേദനയുടെ കാരണം കണ്ടെത്തിയിരുന്നില്ല,
തുടർന്ന് മൂത്രക്കല്ല് മൂലം മൂത്രാശയ അണു ബാധയാവാം കാരണം എന്ന് കരുതി സി ടി സ്കാൻ ചെയ്ത അവസരത്തിലാണ് മൂത്രക്കല്ല് അല്ല, വയറ്റിൽ വേറെ എന്തോ ലോഹമുണ്ട് എന്ന് അറിയുന്നത്. എന്നാൽ ഇത് കത്രികയായിരിക്കുമെന്ന് കരുതിയിരുന്നില്ല.
വയറ്റിൽ മറന്നു വെച്ച കത്രിക ബ്ലാഡറിലേക്ക് കുത്തി നിന്ന് നീരും പഴുപ്പും കാരണമാണ് യൂറിനൽ ഇൻഫക്ഷൻ ഉണ്ടായത്. ഇത്രയും വലിയ ഒരു കത്രിക വയറ്റിൽ ഉണ്ടായിരുന്നതായി വിശ്വസിക്കാൻ പോലും പറ്റുന്നില്ലയെന്ന് ഹർഷീന പറഞ്ഞു.
