താമരശ്ശേരി : ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആഭരണം കവർന്ന ശേഷം അതേ സ്ഥലത്ത് വ്യാജ ആഭരണം വച്ചു തട്ടിപ്പു നടത്തുന്നയാളെ സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്നു പിടികൂടി. തിരുവനന്തപുരം സ്വദേശിയും താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാനെ (ഷാജി– 46) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പാളയത്തെ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം ആവശ്യപ്പെട്ടു. ഇതിനിടയിൽ കയ്യിൽ കരുതിയ വ്യാജ മോതിരം അവിടെ വച്ചു കടയിൽനിന്നു നവരത്ന മോതിരവുമായി കടന്നുകളഞ്ഞു.
രാത്രി ആഭരണം പരിശോധിച്ചപ്പോൾ സംശയം തോന്നി ജ്വല്ലറി ഉടമ സിസിടിവി പരിശോധിച്ചപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. കസബ ഇൻസ്പെക്ടർ എസ്.ബി.കൈലാസ്നാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. മറ്റൊരു ജ്വല്ലറിയിൽ വിറ്റ മോതിരം പൊലീസ് കണ്ടെടുത്തു.
പ്രതിക്കെതിരെ മീനങ്ങാടി, മാനന്തവാടി, മേപ്പാടി, ബാലുശ്ശേരി, മുക്കം, താമരശ്ശേരി, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉണ്ടെന്നു പൊലീസ് അറിയിച്ചു. എസ്ഐ ജഗമോഹൻ ദത്തൻ, സീനിയർ സിപിഒമാരായ പി.സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, സിപിഒ കെ.സുബിനി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എ ന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
