Trending

വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങുന്ന പ്രതി പിടിയില്‍.






കോഴിക്കോട്: വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങുന്ന പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.രാമനാട്ടുകരയിലെ കടയില്‍ നിന്ന് മൂന്ന് ഐഫോണുകളാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. 
രാമനാട്ടുകരയിലെ
മൊബൈല്‍ കടകളിലെത്തി ആദ്യം ഏറ്റവും വിലപിടിപ്പുള്ള ഫോണുകള്‍ തിരഞ്ഞെടുത്തു. തുടർന്ന് പണമിടപാടെല്ലാം ഓണ്‍ലൈനായി നടത്തി. ഇടപാട് സക്സസ്ഫുള്‍ എന്ന മൊബൈല്‍ സന്ദേശം കാണിച്ച്‌ കടയുടമയെ പണമെത്തിയെന്ന് ബോധ്യപ്പെടുത്തി മൊബൈലുമായി സ്ഥലം വിട്ടു. രണ്ടര ലക്ഷംരൂപ വിലയുള്ള മൂന്ന് ഐഫോണുകളാണ് രാമനാട്ടുകരയിൽ നിന്നും വാങ്ങിയത്. 
പണം അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് കടയുടമ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു.സര്‍വ്വര്‍ തകരാറായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞതോടെ കാത്തിരുന്നു.പക്ഷെ പണം അക്കൗണ്ടില്‍ വന്നില്ല.പ്രതിയുടെ ആധാര്‍കാര്‍‍‍ഡും വിലാസവും കണ്ടെത്തി ബന്ധപ്പെട്ടപ്പോള്‍ ഉടൻ അയക്കാമെന്ന് മറുപടി. പിന്നീട് ഫോണെടുക്കാതെയായി. ഇതോടെ കടയുടമ പൊലീസില്‍ പരാതി നല്‍കി.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി കാസര്‍ഗോടുണ്ടെന്ന് തിരിച്ചറിഞ്ഞു.പൊലീസ് അന്വേഷിച്ചെത്തുമ്പോൾ പ്രതി മറ്റൊരു മൊബൈല്‍ കടയിലായിരുന്നു. അടുത്ത തട്ടിപ്പിനും മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു.സമാനമായി നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസുകളും അന്വേഷിക്കുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post