ഉത്തർപ്രദേശിലെ റാംപൂരിൽ മകന്‍റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിച്ച് പിതാവ്. പ്രായപൂര്‍ത്തിയാകാത്ത മകന് കല്ല്യാണം ആലോചിച്ച യുവതിയോടൊപ്പമാണ് പിതാവ് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇയാള്‍ രണ്ട് ലക്ഷം രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചതായി ഭാര്യ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ഷക്കീലിന്‍റെ 14 വയസുകാരന്‍ മകനെ യുവതിക്ക് കല്യാണം ആലോചിക്കുന്നതോടെയാണ് കാര്യങ്ങള്‍ക്ക് തുടക്കം. കല്യാണത്തെ ഇയാളുടെ ഭാര്യയും മകനും അടക്കമുള്ള കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വഴക്കുണ്ടാക്കുകയും ഇയാള്‍ ഭാര്യയേയും മകനെയും മര്‍ദിക്കുകയും ചെയ്തു. തുടർന്ന് ഫോണിൽ മകന്‍റെ പ്രതിശ്രുത വധുവുമായി സംഭാഷണം ആരംഭിച്ചു.
ഇയാള്‍ ദിവസം മുഴുവന്‍ പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നെന്നും രണ്ടുതവണ ഇയാളെ പെണ്‍കുട്ടിയോടൊപ്പം പിടികൂടിയിരുന്നെന്നും ഭാര്യ ഷബാന പറഞ്ഞു. ആദ്യം ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ ഞാനും എന്‍റെ മകനും അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു. തനിക്ക് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് അച്ഛനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതില്‍ പിന്നെ മകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതായും ഷബാന പറഞ്ഞു. ഷബാനയ്ക്ക് ഷക്കീലുമായുള്ള ബന്ധത്തില്‍ ആറുകുട്ടികളുണ്ട്.
തന്‍റെ മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർ തന്നെ വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചുവെന്നും മകന്‍ പറയുന്നു. ശേഷം യുവതി വീട്ടില്‍ നിത്യസന്ദര്‍ശകയായിമാറി. പിന്നാലെ ഷക്കീൽ രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വർണ്ണവുമായി വീട് വിട്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്