മലപ്പുറം: വിവരാവകാശ പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കാളികാവ് പൊലീസ് പിടിച്ചെടുത്ത നടപടി കുറ്റകരമാണെന്നും ഹർജിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഹൈകോടതി ഉത്തരവ്. കാളികാവ് വെന്തോടന്‍പടിയിലെ വെന്തോടന്‍ വിരാന്‍കുട്ടിയുടെ സ്‌കൂട്ടറാണ് 2022 ഒക്ടോബര്‍ 17ന് പൊലീസ് പിടിച്ചെടുത്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് വാഹനം ഇന്‍സ്‌പെക്ടര്‍ തടഞ്ഞത്.
സ്‌കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ഇട്ടില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീരാന്‍കുട്ടി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പൊലീസ് പരിഗണിച്ചില്ല, വാഹനം പിടിച്ചെടുത്തതിന് നല്‍കിയ രസീത് പൊലിസിനുതന്നെ തലവേദനയായി മാറുകയായിരുന്നു. ഇതില്‍ വണ്ടി പിടിച്ചെടുത്തതിന് കാരണവും നിയമനടപടി പ്രകാരമുള്ള വകുപ്പും കാണിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. രസീതുമായി വിവരാവകാശ പ്രവര്‍ത്തകന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആരോ പണവിധേയമായ സ്ഥലത്തുനിന്ന് വാഹനം പിടികൂടിയില്ലെന്നും വാഹനം പിടിച്ചെടുക്കാനുള്ള നിയമനടപടികള്‍ പൊലീസ് പാലിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രേഖകളുടെ അഭാവം, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡി.ജി.പിയുടെ കര്‍ശന നിര്‍ദേ ശമുണ്ടായിരിക്കെയായിരുന്നു പൊലിസ് നടപടി.
നിയമ വിരുദ്ധ നടപടിയാണെന്ന് കോടതി
കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് ഹരജിക്കാരന്റെ വാഹനം പിടിച്ചെടുക്കുകയും തടങ്കലില്‍ വെക്കുകയും ചെയ്തതെന്നത് നിയമ വിരുദ്ധ നടപടിയാണെന്ന് കോടതി കണ്ടെത്തി. വാഹനം ഹരജിക്കാരന്‍ 'സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്' എന്ന പൊലീസിന്റെ വാദം കോടതിയില്‍ ഫയല്‍ ചെയ്ത രസീത്, മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് എന്നിവക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍, തുക നിര്‍ണയിക്കാന്‍ കൂടുതല്‍ തെളിവെടുപ്പുകളും വിചാരണയും ആവശ്യമായതിനാല്‍ പൊതുനിയമപരമായ പരിഹാരം സ്വീകരിക്കാമെന്നും വ്യക്തമാക്കി.