മാരകലഹരി മരുന്നായ് 2.69 ഗ്രാം എം ഡി എം എ യും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു (ബോംഗ് ) മായി യുവാവിനെ പോലീസ് പിടികൂടി.
കോഴിക്കോട് റൂറൽ എസ് പി . കെ. ഇ ബൈജു വിൻറെ കീഴിലുള്ള സംഘമാണ് കൊടുവള്ളി , കളരാന്തിരി , വട്ടിക്കുന്നമ്മൽ മുഹമ്മദ് ഡാനിഷ് (28 ) നെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടിയത്. ഇടനിലക്കാർ മുഖേന ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നത്. മുൻപ് ഗൾഫിൽ ആയിരുന്ന ഇയാൾ നാട്ടിൽ വന്ന ശേഷം ലഹരി ഉപയോഗവും പിന്നീട് വിൽപനയും തുടങ്ങുകയായിരുന്നു . കൊടുവള്ളി ,കോഴിക്കോട് മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ട്. എം ഡി എം എ ഉപയോഗിക്കുന്നതിനുള്ള 340 പൈപ്പുകൾ ഇയാൾ ഓൺലൈൻ ആയി വാങ്ങി വിൽപന നടത്തുകയായിരുന്നു. ആദ്യമായാണ് ഇത്രയധികം പൈപ്പുകൾ ഒരാളിൽ നിന്നും പിടികൂടുന്നത് . അടുത്തയിടെ തേയില കച്ചവടം ഓൺലൈൻ ആയി തുടങ്ങിയ ഇയാൾ അതിൻ്റെ മറവിലാണ് ലഹരി വസ്തുക്കൾ കൊറിയർ ആയും മറ്റും കൈമാറ്റം നടത്തിയിരുന്നത്. ബെഡ്റൂമിൽ തന്നെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ മറ്റ് ഡാർക് വെബ്ബ്കൾ മുഖേനയും ഇയാൾ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി വിവരമുണ്ട്.
നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രകാശൻ പടന്നയിലിൻ്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ പനങ്ങാട്,സീനിയർ സി പി ഒ മാരായ പി.പി. ജിനീഷ്, കെ.കെ. രതീഷ് കുമാർ , കെ. പി.ഹനീഷ്, പി.എം.ഷിജു, കൊടുവള്ളി എസ്.ഐ വിനീത് വിജയൻ, സി.പി.ഒ മാരായ ഷിജു എം കെ, .എം ആർ.രമ്യ , ഒ.വാസു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.