Trending

ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനർ മരിച്ചു


മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്‌തഫയാണ് മരിച്ചത്. എട്ടു മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ ലോറി ഉയർത്തി ക്യാബിൻ പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് അപകടം നടന്നത്. പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി 60 അടി താഴ്ച‌യുള്ള ക്വാറിയിലേക്ക് പതിക്കുകയായിരുന്നു. ലോറി വീഴുന്നത് കണ്ട ഒരു വിദ്യാർത്ഥിയാണ് ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ നടത്തിയ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.

തിരൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്കൂബാ ഡൈവേഴ്‌സും ചേർന്ന് നടത്തിയ ദൗത്യം അതീവ ദുഷ്കരമായിരുന്നു. രണ്ട് തവണ ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ രാത്രിയോടെയാണ് ലോറി വെള്ളത്തിൽ നിന്നും പൂർണ്ണമായും ഉയർത്താനായത്. വാഹനത്തിന്റെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയെ പുറത്തെടുക്കാനായത്.

ക്വാറിക്ക് സമീപം യാതൊരുവിധ സുരക്ഷാ ഭിത്തിയും സ്ഥാപിച്ചിട്ടില്ലെന്നും ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻപും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും നാട്ടുകാർ പരാതിപ്പെട്ടു.





Post a Comment

Previous Post Next Post