താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റയ്ഞ്ചിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.30 മുതൽ താമരശ്ശേരി വനപാലകർ കാട്ടിൽ നടത്തിയ തിരച്ചിലിൽ നായാട്ടു സംഘത്തിൽപ്പെട്ട ഒരാളെ ഇവർ തോക്ക് ഉപയോഗിച്ച് വേട്ടയാടിയ മാനുകളുമായി പിടികൂടി.മലപ്പുറം കരുവാരക്കുണ്ട് ഇയ്യ മടത്തിൽ അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവർ വേട്ടക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു.
വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബദുസമദിനെ പിടികൂടുന്ന അവസരത്തിൽ ഇയാളുടെ കൈവശം വെച്ചും, മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ ഇവർ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മാണ് കണ്ടെത്തിയത്.
പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് മൂന്നു പേർ രക്ഷപ്പെട്ടത് എന്നാണ് സംശയം.
പുലർച്ചെ രണ്ടര മണിയോടെ കാടിനകത്ത് പ്രവേശിച്ച വനപാലക സംഘം കിടനകത്ത് വെളിച്ചം കണ്ടതിനെ തുടർന്ന് ആ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ആ സമയത്താണ് വെടിവെച്ച് കൊന്ന മാനുമായി സമദ് നിൽക്കുന്നത് കണ്ടത്.
നിലമ്പൂർ ഭാഗത്ത് നിന്നും നിരവധി നായാട്ടു സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായാട്ടിനായി എത്തിയതായ വിവരം തങ്ങൾക്ക് ലഭിച്ചതായി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
റയ്ഞ്ച് ഓഫീസർ പ്രേം ഷമീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ടി ബൈജു, ജി എസ് എഫ് ഒ എം.ടി സുധീഷ്, ബി എഫ് ഒമാരായ ഷനീഷ് വി എസ്, കെ അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ ലജുമോൻ പി ഡി, രവി പി ആർ, സജിത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.