മരിച്ച പ്രവാസിയുടെ കുടുംബത്തിന് 9.01 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് മോട്ടോർ ആക്സസിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT).
കേരളത്തിലെ എം.എ.സി.ടി
കോടതികളുടെ ചരിത്രത്തിൽ ഇതുവരെ വിധിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണിത്. തിരുവങ്ങൂർ സ്വദേശിയും അബുദാബി പോളിമേഴ്‌സിൽ സീനിയർ ഓപ്പറേറ്ററുമായിരുന്ന ഷിജിൻ മരിച്ച കേസിലാണ് ഈ ഉത്തരവ്.
2023 മാർച്ച് 28-ന് രാത്രി ഒരു മണിയോടെ മാളിക്കടവിനു സമീപം ഷിജിൻ സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഷിജിന്റെ ഭാര്യ നിഖില കരുണാകരൻ, മക്കളായ ഇഷാൻ, പാർഥിവ്, മാതാവ് രാധ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് എം.എ.സി.ടി പ്രിൻസിപ്പൽ ജഡ്‌ജി കെ. രാഗേഷ് വിധി പ്രസ്‌താവിച്ചത്. കൃത്യമായി 9,01,67,500 രൂപ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യുറൻസ് പരാതിക്കാർക്ക് നൽകണം. ഷിജിന്റെ ഉയർന്ന ശമ്പളവും ആശ്രിതരുടെ പ്രായവും പരിഗണിച്ചാണ് കോടതി ഈ വലിയ തുക നിശ്ചയിച്ചത്.