താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം മലപുറം യു പി സ്കൂളിന് മുൻവശത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. മാവൂർ പായൂർ സ്വദേശി ആഫിസ് (41), മകൾ ഫാത്തിമ നിഹ (10) എന്നിവർക്കാണ് പരിക്കേറ്റത്.വയനാട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിലാണ് കാട്ടുപന്നി ഇടിച്ചത്.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതേ സ്ഥലത്ത് മുമ്പ് നിരവധി തവണ സമാന രൂപത്തിലുള്ള കാട്ടുപന്നി ആക്രമം ഉണ്ടായിട്ടുണ്ട്. എതാനും വർഷം മുമ്പ് ഇന്ന് അപകടം നടന്ന അതേ സ്ഥലത്തുവെച്ച് കാട്ടുപന്നി ആക്രമത്തിൽ ബൈക്ക് യാത്രികനായ പുതുപ്പാടി വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി മരണപ്പെട്ടിരുന്നു.
എതാനും ദിവസം മുമ്പ് ഇതിനു തൊട്ടടുത്ത പെരുമ്പള്ളി എന്ന സ്ഥലത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.