താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് പതിനാറാം വാർഡ് പാക്കാത്ത് വയലിൽ "കതിർ" കർഷക കൂട്ടായ്മയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നികളും, മുള്ളൻ പന്നികളും ഇറങ്ങി തണ്ണി മത്തൻ കൃഷി വ്യാപകമായി നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ തണ്ണി മത്തനുകളാണ് നശിപ്പിച്ചത്.
പ്രദേശത്തെ എട്ടോളം പേർ ചേർന്ന് മുപ്പതോളം ഇനം പച്ചക്കറി, പയർ വർഗ്ഗങ്ങളാണ് കൃഷി ചെയ്യുന്നത്. കർഷകർ വിളവെടുപ്പിനായി രാവിലെ തോട്ടത്തിൽ എത്തിയപ്പോഴാണ് കൃഷി നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
ആറ്റു നോറ്റ് കൃഷിയിറക്കി വിളവെടുപ്പിന് ആകുമ്പോൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത് കർഷകരുടെ എല്ലാ പ്രതീക്ഷകളും തകർക്കുന്നതാണ്.
ഇലക്ഷൻ പ്രമാണിച്ച് തോക്കുന്നു സറണ്ടർ ചെയ്തതിനാൽ പന്നികളെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പിൻ്റെ എം പാനൽ ചെയ്ത ഷൂട്ടർമാരെ പോലും കിട്ടാത്ത സ്ഥിതിയിണ്. കർഷകർക്ക് അടിയന്തിര സഹായം നൽകാൻ സർക്കാറും, കൃഷി വകുപ്പും, വനം വകുപ്പും, ഗ്രാമ പഞ്ചായത്തും തയ്യാറാവണമെന്ന് കർഷകർ ആവശ്യപ്പെട്ടു.