കണ്ണൂർ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു.
പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുള്ള ഗ്രൗണ്ടിലുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു അമാൻ.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന നാലു കുട്ടികൾ പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു. ഈ പടക്കങ്ങൾ ചേർത്തുവച്ച് കല്ലിനിടയിൽ വച്ച് തീ കൊളുത്തുകയായിരുന്നു. ഇങ്ങനെ പൊട്ടിച്ചപ്പോൾ പടക്കം ചിതറിവന്ന് അമാന്റെ കഴുത്തിൽ വീഴുകയായിരുന്നു. മറ്റുകുട്ടികൾക്കും പരുക്കേറ്റു. അമാനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമാന്റെ സഹോദരൻ അൻഫാൽ (12), അഹമ്മദ് ബദാവി (7), സൽമാൻ ഫാരിസ് (12) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ സൽമാൻ ഫാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് കുട്ടികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. അമാന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.