ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴക വെട്രി കഴകം നേതാവ് വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും, പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ ആറ് മാസത്തേക്ക് തങ്ങൾ തടസപ്പെടുത്തില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡിഎംകെ അധ്യക്ഷൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തെരഞ്ഞെടുപ്പോ ഉണ്ടാകാൻ ഡിഎംകെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് സർക്കാർ അധികാരമേൽക്കുമ്പോൾ ഡിഎംകെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിർദേശവും സ്റ്റാലിൻ മുന്നോട്ടുവെച്ചു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും ഗൃഹനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന 'കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ' പദ്ധതിയും മുൻഗണനാക്രമത്തിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം നിലവിലുള്ള ജനകീയ പദ്ധതികൾ അട്ടിമറിക്കപ്പെടരുതെന്ന താല്പര്യമാണ് സ്റ്റാലിൻ പ്രകടിപ്പിച്ചത്.
വിജയിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രായോഗികതയെ സ്റ്റാലിൻ ചോദ്യം ചെയ്തു. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന വാഗ്ദാനം നടപ്പിലാക്കുക എന്നത് കഠിനമായ കാര്യമായിരിക്കും. അതിനാൽ തന്നെ മുൻ സർക്കാർ നൽകിയിരുന്ന 1000 രൂപയെങ്കിലും മുടങ്ങാതെ നൽകാൻ വിജയ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വർഷത്തിൽ ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന ടിവികെയുടെ പ്രഖ്യാപനവും പ്രായോഗികമാകുമെന്ന് കരുതുന്നില്ലെന്നും, എങ്കിലും അത് ചെയ്താൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യസർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഡിഎംകെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. അധികാരത്തിലേറാൻ എഐഎഡിഎംകെ മുന്നോട്ടുവെച്ച സഖ്യസാധ്യതകളെ ഡിഎംകെ പൂർണമായും തള്ളിക്കളഞ്ഞു. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടി തീരുമാനമെന്നും സഖ്യസർക്കാരിന്റെ ഭാഗമാകാൻ താല്പര്യമില്ലെന്നും നേതൃത്വം അറിയിച്ചു. ഇതോടെ വിജയ് സർക്കാരിനെ പുറത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു 'വാച്ച് ഡോഗ്' പദവിയിലേക്കാണ് ഡിഎംകെ മാറുന്നത്.

അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് വിടുതലൈ ചിരുതൈഗൽ കട്ജി (വിസികെ) നേതാവ് തോൽ തിരുമാവളവൻ ആവശ്യപ്പെട്ടു. കേവലഭൂരിപക്ഷം ഇല്ലെങ്കിലും തമിഴ്നാട്ടിലെ ജനങ്ങൾ വിജയിക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. അത് വിജയ് വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യകക്ഷി ഭരണത്തിനായുള്ള താല്പര്യമാണ് 2026ലെ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്നും തിരുമാവളവൻ നിരീക്ഷിച്ചു.