തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ പ്രോട്ടോക്കോളിൽ വിവാദം. തമിഴ്‌നാട് മാതൃക വേണമെന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ലോക്‌ഭവൻ അറിയിച്ചു. ലോക്‌ഭവൻ്റെ വിലക്ക് മറികടന്ന് സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ മന്ത്രിമാരും വിശിഷ്ട വ്യക്തികളും സ്റ്റേജിൽ വരും. കോൺഗ്രസ് ദേശീയ നേതാക്കൾ അടക്കമുള്ളവർ വേദിയിലെത്തും.
വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു ലോക്‌ഭവൻ നിർദേശിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ പാടുള്ളൂ എന്നായിരുന്നു ലോക്‌ഭവൻ്റെ നിർദേശം. തമിഴ്‌നാട്ടിൽ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കം വേദിയിലുണ്ടായിരുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരുമെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായ നിർദേശങ്ങളാണ് കേരളത്തിൽ ഗവർണർ മുന്നോട്ട് വയ്ക്കുന്നത്.