വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണു കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു.
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 31ന് ആയിരുന്നു സംഭവം. ടെറസ്സിന് മുകളിൽ നിന്ന് കാൽവഴുതി താഴേക്കു വീണത് വീടിന്റെ ഗേറ്റിനു മുകളിലേക്കായിരുന്നു. വീടിനു മുകളിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽ തെറ്റി വീണതാകാം എന്നാണ് കരുതുന്നത്. കമ്പി കഴുത്തിൽ തുളച്ചു കയറിയിരുന്നു. ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർജറിക്ക് വിധേയമാക്കുന്നതിന് മുൻപ്, ഡോക്ടറുടെ നിർദ്ദേശപ്രകാരം വെള്ളിമാടുകുന്ന് നിലയത്തിലെ അഗ്‌നിരക്ഷ സേനാംഗങ്ങൾ ഗ്രൈൻഡർ ഉപയോഗിച്ച് ബാക്കിയുള്ള കമ്പിയുടെ ഭൂരിഭാഗം ഭാഗങ്ങളും മുറിച്ചു മാറ്റി. തുടർന്ന് സർജറിക്ക് വിധേയമാക്കി.
ആരോഗ്യനില മോശമായതിനെ തുടർന്ന് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്ന് മരിച്ചു.
പുളിക്കൽ എഎംഎം ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കബറടക്കം പുത്തലം ജുമാമസ്ജിദിൽ.