കട്ടിപ്പാറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, സമഗ്ര പരിചരണം എന്നിവ ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസില്‍ പ്രവേശനോത്സവം വര്‍ണാഭമായി നടന്നു.
വേനലവധിക്ക് ശേഷം സ്പെഷ്യല്‍ സ്കൂള്‍, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്ക് മടങ്ങിയെത്തിയതിനോടൊപ്പം, പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കാരുണ്യതീരം സ്പെഷ്യല്‍ സ്കൂള്‍ ചെയര്‍മാന്‍ ബാബു കുടുക്കില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാവ്യ എം.ആര്‍., കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫീറ പി.എസ്. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വാര്‍ഡ് അംഗങ്ങളായ നജ്മ റഷീദ്, സഫിയ അബൂബക്കര്‍, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ, വൈസ് പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ്, കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക് ചെയര്‍മാന്‍ എ. മുഹമ്മദ് സാലിഹ്, സി.ഒ.ഒ മുഹമ്മദ് നവാസ് ഐ.പി., കാരുണ്യതീരം പി.ടി.എ പ്രസിഡന്റ് ജയരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കാരുണ്യതീരം സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലുംതാസ് സി.കെ. സ്വാഗതവും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി നിത്യ നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് കാരുണ്യതീരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരവിതരണവും നടന്നു.