താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ KGNA ധർണ്ണ നടത്തി.
ആശുപത്രിയിൽ വനിത നഴ്സിംഗ് ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന സൂപ്രണ്ടിനെതിരെ നടപടികൾ സ്വീകരിക്കുക, ആശുപത്രിയിൽ ജീവനക്കാർക്ക് സമാധാനപരമായി ജോലി സാഹചര്യം ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ (KGNA ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി താമരശ്ശേരി ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരോട് പ്രതികാര മനോഭാവത്തോടുകൂടിയാണ് സൂപ്രണ്ട് പെരുമാറുന്നതെന്നും, ആശുപത്രി സൂപ്രണ്ടിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാവാത്ത നഴ്സുമാരെ നിരന്തരം മീറ്റിങ്ങുകളിൽ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ സംസാരിക്കുകയും നിരന്തരം അന്യായമായ കാരണങ്ങൾ ഉന്നയിച്ച് വിശദീകരണം ചോദിക്കുന്ന സാഹചര്യവും നിലനിൽക്കുന്നതായും, സർക്കാർ ഉത്തരവിൽ പ്രകാരം നഴ്സിംഗ് സൂപ്രണ്ട് ഓഫീസ് അധികാരപരിധിയിൽ വരുന്ന ഹാജർ പുസ്തകങ്ങൾ ആകെ തൻറെ ഇഷ്ടക്കാർക്ക് തോന്നുംപടി ഉപയോഗിക്കാനുള്ള സംവിധാനം ആക്കി സൂപ്രണ്ട് മാറ്റിയതായും, ഹാജർ പുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ അർഹതപ്പെടാത്ത ഓഫീസ് അറ്റൻഡന്റ് ഡ്രൈവർ,
നഴ്സിംഗ് ഓഫീസർ എന്നിവരെ ഹാജർ പുസ്തകത്തിൻറെ ചുമതല ഏൽപ്പിക്കുകയും ആയത് ചോദ്യം ചെയ്ത നഴ്സുമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് സൂപ്രണ്ടുമായു ജില്ലാ മെഡിക്കൽ ഓഫീസറുമായും ചർച്ച നടത്തിയെങ്കിലും യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, സർക്കാർ ആശുപത്രിയെ തകർക്കാനും ആശുപത്രിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനും അനുവദിക്കാത്ത നഴ്സുമാരെയാണ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും, സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം പല നഴ്സുമാരും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ നേരിടുന്ന സാഹചര്യമുണ്ടെന്നും, നഴ്സുമാർക്കെതിരെ അന്യായമായി നിരന്തരമായി ഉയർത്തുന്ന കള്ളപരാതികൾ പിൻവലിച്ച് സമാധാനപരമായ ജോലി സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.
ധർണ്ണ KGNA സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സിന്ധു കെ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി പ്രജിത്ത് പി സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു എ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ ട്രഷറർ സജിത കെ കെ യോഗത്തിന് നന്ദി അർപ്പിച്ചു . നഴ്സിംഗ് ജീവനക്കാർക്ക് മാന്യമായ ജോലി ചെയ്യാനുള്ള സാഹചര്യം ആശുപത്രിയിൽ ഒരുക്കാത്ത പക്ഷം സംഘടന തുടർ പ്രക്ഷോഭങ്ങളും ആയി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ആശുപത്രി സൂപ്രണ്ടിൻ്റെ Drഗോപാലകൃഷ്ണൻ്റെ പ്രതികരണം