Trending

ഒരു ഗ്രാമത്തിൽ 800 ൽ അധികം വാടക മ്ര്യൂൾ) എക്കൗണ്ടുകൾ!


കോഴിക്കോട്:
 ജില്ലയിലെ താമരശ്ശേരിക്കടുത്ത കൈതപ്പൊയിൽ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് പുറത്തുവന്ന ഒരു കണ്ടെത്തൽ സംസ്ഥാനത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

 സ്വകാര്യ ഏജൻസിയുടെ എ.ടി.എമ്മിൽ നടത്തിയ അന്വേഷണത്തിനിടെ വിവിധ ബാങ്കുകളിലായി തുറന്നിരുന്ന ഏകദേശം 800 വാടക ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) കണ്ടെത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ റിപ്പാർട്ട്,? സൈബർ തട്ടിപ്പ്, ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾ വഴി എത്തിയ പണമാണ് ഈ അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മറ്റൊരു നിർണായക കണ്ണിയായി ഈ കണ്ടെത്തൽ മാറുകയാണ്.

ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുകയും, അതിലൂടെ വരുന്ന പണം പിൻവലിച്ച് നൽകിയാൽ കമ്മീഷൻ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പുകൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. പുറമേ നോക്കുമ്പോൾ ചെറിയൊരു സാമ്പത്തിക ഇടപാടായി തോന്നാമെങ്കിലും, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സൈബർ തട്ടിപ്പും ഹവാലയും ക്രിപ്റ്റോ കറൻസി ഇടപാടുകളും ഉൾപ്പെടുന്ന വലിയ അനധികൃത സാമ്പത്തിക ശൃംഖലയാണ്. ഇത്തരത്തിൽ മറ്റൊരാളുടെ ആവശ്യത്തിനായി തുറക്കുന്ന "വാടക ബാങ്ക് അക്കൗണ്ടുകൾ" അഥവാ മ്യൂൾ അക്കൗണ്ടുകളാണ് ബ്ലാക്ക് മണി വെളുപ്പിക്കാനും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മറച്ചുവെക്കാനും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.

വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടന്നുവരുന്നുണ്ടെങ്കിലും, അതിൽ ഇരകളാകുന്നത് കൂടുതലായും കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാത്ത സാധാരണക്കാരും വിദ്യാർഥികളുമാണ്. ചെറിയ കമ്മീഷന്റെ പ്രലോഭനത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടും എ.ടി.എം. കാർഡും ചെക്ക് ബുക്കും മറ്റുള്ളവർക്ക് കൈമാറുന്നവർ അറിയാതെ തന്നെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാകുകയാണ്. പിന്നീട് നിയമനടപടികൾ നേരിടേണ്ടി വരുന്നതും പലപ്പോഴും യഥാർത്ഥ കുറ്റവാളികളല്ല, സ്വന്തം പേരിൽ അക്കൗണ്ട് നൽകിയവരാണ്.

കൈതപ്പൊയിലിൽ കണ്ടെത്തിയ 800-ലധികം വാടക അക്കൗണ്ടുകൾ ഈ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. സാധാരണയായി ഇത്തരം സാമ്പത്തിക ഇടപാടുകൾ വലിയ നഗരങ്ങളെയാണ് കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ താമരശ്ശേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഇത്രയധികം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയത് അന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വെറും രണ്ട് മാസത്തിനിടെ ഈ അക്കൗണ്ടുകളിലേക്ക് എത്തിയ പണം അതേ എ.ടി.എമ്മിലൂടെ പിൻവലിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിലൂടെ നടന്ന പണമിടപാടുകളുടെ ആകെ മൂല്യം ഇനിയും പൂർണമായി കണ്ടെത്താനുണ്ട്.

താമരശ്ശേരി, കൊടുവള്ളി, കൈതപ്പൊയിൽ മേഖലകൾ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വയനാടിനോട് ചേർന്നുള്ള ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുക്കുമ്പോൾ, ഇതിന് പിന്നിൽ അന്തർസംസ്ഥാന ശൃംഖലയുണ്ടാകാമെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്. പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും പൂർണമായി കണ്ടെത്താനായാൽ മാത്രമേ ഈ സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകൂ.

നേരത്തെയും കോഴിക്കോട് റൂറൽ പരിധിയിലെ ചില മേഖലകളിൽ ഹവാല, സൈബർ തട്ടിപ്പ്, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളും ആ കേസുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസ് ദേശീയ അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ കണ്ടെത്തിയ കേസുകളുമായി ഈ കണ്ടെത്തലുകൾ കോർത്തിണക്കിയാണ് ഇനി അന്വേഷണം മുന്നോട്ടുപോകാൻ സാധ്യത. പുറത്തുവരുന്ന തെളിവുകൾ ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും, വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടിത സാമ്പത്തിക ശൃംഖലയുടെ ഭാഗമായിരിക്കാമെന്നുമാണ് സൂചിപ്പിക്കുന്നത്.

ഇത്തരം സംഭവങ്ങൾ നിയമപാലകരുടെ മാത്രം ഉത്തരവാദിത്വമായി കാണാനാകില്ല. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നതും, എ.ടി.എം. കാർഡോ ചെക്ക് ബുക്കോ കമ്മീഷന് വേണ്ടി കൈമാറുന്നതും എത്ര വലിയ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ചെറിയൊരു വരുമാനമെന്ന പ്രതീക്ഷയിൽ പല വിദ്യാർഥികളും തൊഴിലില്ലാത്ത യുവാക്കളും ഇത്തരം സംഘങ്ങളുടെ വലയിലാകുന്നത് ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്.

അതുകൊണ്ടുതന്നെ സാമ്പത്തിക സാക്ഷരതയും ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധവും കൂടുതൽ ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് ശക്തമായ ബോധവത്കരണം നടത്തണം. കാരണം, ചെറിയൊരു കമ്മീഷന് വേണ്ടി തുറന്നുകൊടുക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് പോലും കോടികളുടെ സൈബർ തട്ടിപ്പിന്റെയും ഹവാല ഇടപാടുകളുടെയും ബ്ലാക്ക് മണി വെളുപ്പിക്കലിന്റെയും കണ്ണിയായി മാറാൻ മതി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post