Trending

താമരശ്ശേരിയില്‍ ഹരിതശ്രീ വനിതാ സംഘങ്ങള്‍ രൂപീകരണവുമായി മുസ്‌ലിം ലീഗ്






താമരശ്ശേരി: വനിതകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം, നേതൃനൈപുണ്യം, സ്വയം പര്യാപ്തത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ്, വനിതാ ലീഗ് കമ്മിറ്റികള്‍ സംയുക്തമായി ഹരിതശ്രീ വനിതാ സംഘങ്ങള്‍ രൂപീകരിക്കാനൊരുങ്ങുന്നു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലുമായി 100 വനിതാ സംഘങ്ങള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വാര്‍ഡിലും ചുരുങ്ങിയത് 5 സംഘങ്ങളെങ്കിലും രൂപീകരിക്കും. 10 മുതല്‍ 20 വരെ അംഗങ്ങളായുള്ള സംഘങ്ങളാണ് രൂപീകരിക്കുന്നത്. 

സംഘങ്ങള്‍ മുഖേന വിവിധ പദ്ധതികള്‍ നടപ്പാക്കും. വനിതകള്‍ക്ക് വാര്‍ഡുകള്‍ തോറും തൊഴില്‍ സംരംഭങ്ങള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്, വിപണന കേന്ദ്രം എന്നിവ ആരംഭിക്കും. വിവിധ മേഖലയില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കും. ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമ്പത്തിക സഹായത്തോടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും വനിതാ വ്യവസായ സംരംഭങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു വര്‍ഷം കൊണ്ട് ഓരോ വാര്‍ഡിലും വനിതകളുടെ നേതൃത്വത്തില്‍ ഓരോ സംരംഭങ്ങള്‍ ആരംഭിക്കും. വനിതകള്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

ഹരിതശ്രീ എന്ന പേരിലായിരിക്കും എല്ലാ വാര്‍ഡിലും സംഘങ്ങള്‍ക്ക് രൂപം നല്‍കുക. ഓരോ സംഘങ്ങള്‍ക്കും പ്രത്യേകം നമ്പറുകള്‍ നല്‍കും. സംഘങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും. വാര്‍ഡ് തല ശില്‍പശാലയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അവേലത്ത് നടന്നു. പൂക്കോട് കാരുണ്യം ഓഫീസില്‍ നടന്ന പരിപാടിയില്‍ അംഗത്വ ഫോറം വിതരണോദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ നിര്‍വഹിച്ചു. വാര്‍ഡ് വനിതാ ലീഗ് പ്രസിഡണ്ട് ജൗഹറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മൊയ്തീന്‍ കോയ, സെക്രട്ടറി മന്‍സൂര്‍ അവേലം, ഗ്രാമപഞ്ചായത്തംഗം ബി.എം. ആര്‍ഷ്യ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ബുഷ്‌റ അഷ്‌റഫ് സ്വാഗതവും സി.എം. അബ്ബാസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post