Trending

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു





കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് പ്രതികരിച്ചു.

അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെയ്യപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ.

മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.

Post a Comment

Previous Post Next Post