Trending

യുവ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് അനസ്തേഷ്യ വിദഗ്ധ





മേപ്പാടി: വയനാട്ടിലെ യുവ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അനസ്തേഷ്യ വിദഗ്ധയും വയനാട് ഡോക്ടര്‍ മൂപ്പന്‍സ് മെഡികല്‍ കോളജിലെ അസിസ്റ്റന്റ് പ്രെഫസറുമായ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ ഡോക്ടര്‍ കെ പി രശ്മി (33) യെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയ രശ്മിയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി മേപ്പാടി എസ്‌ഐ സിറാജ് വിപി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രശ്മിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. അമിതമായി അനസ്തേഷ്യ മരുന്ന് അകത്ത് കടന്നതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

കോഴിക്കോട് മെഡികല്‍ കോളജില്‍ നിന്ന് എംബിബിഎസില്‍ ഉന്നത വിജയം നേടിയ രശ്മി അന്നത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 610-ാം റാങ്ക് സ്വന്തമാക്കിയിരുന്നു. മംഗ്‌ളുറു യേനപ്പോയ മെഡികല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദുമ തിരുവക്കോളി സ്വദേശിയായ ഡോ. രോഹിതാണ് രശ്മിയുടെ ഭര്‍ത്താവ്. നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് മക്കളില്ല. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തെ കുറിച്ച് മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post