Trending

തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹം; മരിച്ചത് കോട്ടയം സ്വദേശികൾ






ചെന്നൈ: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കോട്ടയം പുതുപ്പള്ളി സ്വദേശി ജോർജ് (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്. ജോർജ് (29) എന്നിവരാണ് മരിച്ചത്.

കമ്പത്തു നിന്നും കമ്പംമെട്ടിലേക്ക് പോവുന്ന റോഡ് സൈഡിലെ കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാട് വിട്ടതാവാമെന്നാണ് വാകത്താനം പൊലീസിന്റെ നിഗമനം.

കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹങ്ങൾ കിടുന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ ചോര ഛർദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ജോർജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവർ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം തകർന്ന് സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് മീനടം തോട്ടക്കാട്ടെ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post