പള്ളികളിൽ ജയ്‌ശ്രീറാം വിളിക്കുന്നത് കൊണ്ട് മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി. കർണാടകയിലെ മസ്‌ജിദിനുള്ളിൽ ജയ് ശ്രീറാം മുഴക്കിയെന്ന കേസിൽ, പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രസ്താവന. ജയ് ശ്രീറാം വിളിക്കുന്നത് കൊണ്ട് ഏത് സമുദായത്തിൻ്റെ മതവികാരമാണ് വ്രണപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഏതെങ്കിലും സമുദായത്തിൻ്റെ മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട്, അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവം ചെയ്യുന്ന ക്രൂരമായ പ്രവൃത്തികളെയാണ് 295 എ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും 'ജയ് ശ്രീറാം' എന്ന് വിളിച്ചാൽ അത് ഏത് സമുദായത്തിൻ്റെ മതവികാരത്തെ, എങ്ങനെയാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. സംഭവം നടന്ന പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായും ബെഞ്ച് ചൂണ്ടിക്കാട്ടി.
മുസ്ലീം പള്ളിയിൽ കയറി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 505 (പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു.
ഹർജിക്കാർക്കെതിരായ തുടർ നടപടികൾക്ക് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നായിരുന്നു ബെഞ്ചിൻ്റെ നിരീക്ഷണം. ഐപിസി സെക്ഷൻ 295 എ പ്രകാരം, ഏതൊരു പ്രവൃത്തിയും കുറ്റമായി മാറില്ലെന്ന സുപ്രീം കോടതി ഉത്തരവും ബെഞ്ച് പരാമർശിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് രാത്രി 10.50ഓടെ പ്രതികൾ പള്ളിക്കുള്ളിൽ കയറി "ജയ് ശ്രീറാം" മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് കേസ്. പള്ളിയിൽ ഭീഷണി മുഴക്കിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു