കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശി രാജൻ്റെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കുറുവങ്ങാട് സ്വദേശികളായ അമ്മുകുട്ടി, ലീല എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ആനയിടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത് എന്നാണ് ദൃക്സാക്ഷികളടക്കം പറയുന്നത്.ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു.
ഇടഞ്ഞ ആനകൾ ക്ഷേത്രത്തിലെ ഓടുകൾ അടക്കം മറിച്ചിട്ടു. ഇതിനിടയിൽപ്പെട്ടവർക്കും പരുക്ക് പറ്റിയിട്ടുണ്ട്. ചിതറിയോടിയപ്പോൾ തട്ടിവീണ നിരവധി പേർക്കും പരുക്ക് പറ്റയിട്ടുണ്ട്. ഇടഞ്ഞ ആനകളെ തളച്ചതായാണ് വിവരം.അപകടത്തിൽ മുപ്പതിലധികം പേർക്ക് പരുക്കുണ്ട്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലടക്കം പ്രവേശിപ്പിച്ചിട്ടുണ്ട്.