Trending

ക്യാപ്റ്റൻ @80




മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാൾ. എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോ‍ഴാണ് നവകേരളനായകന്‍റെ പിറന്നാളെത്തുന്നത്.

കമ്മ്യൂണിസ്റ്റുപാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയന്‍റെയും പിറവി. ആ പോരാട്ട ചരിത്രം തന്നെയാണ് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെയും നയിക്കുന്നത്. ഒരു ചെത്തു തൊഴിലാളി കുടുംബത്തിൽ ജനിച്ച് നെയ്ത്തു തൊഴിലാളിയായി വളർന്ന പിണറായിയുടെ കരുത്ത് ആ തൊഴിലാളി വർഗ്ഗ പാരമ്പര്യമാണ്.

അവിഭക്ത പാര്‍ട്ടി പിളര്‍ന്ന് 1964 ൽ സിപിഐഎം രൂപം കൊണ്ട വർഷമാണ് പിണറായി പാർട്ടി അംഗമായത്. തലശേരി ബ്രണ്ണനില്‍ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കെഎസ്എഫിന്‍റെ ജില്ലാ സെക്രട്ടറിയായത്. എഴുപതുകളുടെ ആദ്യം തലശ്ശേരിയിൽ വർഗ്ഗീയ സംഘർഷം കത്തിപ്പടരുന്നത് തടയാൻ പാർട്ടി സെക്രട്ടറി സിഎച്ച് കണാരൻ തലശ്ശേരിയിലേക്കയച്ചത് പിണറായിയെയാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. മാറാട് കലാപകാലത്ത് വർഗീയവാദികളുടെ ഒരു ഭീഷണിയിലും കുലുങ്ങാതെ സംഘര്‍ഷ സ്ഥലം സന്ദർശിച്ച ഏകരാഷ്ട്രീയ നേതാവ് പിണറായിയാണ്


അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം പിണറായി കണ്ണൂർ സെൻട്രൽ ജയിലിലടക്കപ്പെട്ടു. 26ാമത്തെ വയസ്സില്‍ എംഎല്‍എ. ജില്ലാസെക്രട്ടറി, മന്ത്രി, സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി- ആധുനിക കേരളത്തെ മുന്നോട്ടു നയിച്ച ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതമാണ് പിണറായി വിജയന്‍. ലോകം ഉറ്റുനോക്കുന്ന ഒരു നാടായി, രാജ്യത്തിനാകെ മാതൃകയായി കേരളം മുന്നേറുന്നതിന്‍റെ ആഘോഷമല്ലാതെ മറ്റൊന്നാവില്ല ഇത്തവണയും പിണറായിയുടെ പിറന്നാള്‍ ആഘോഷം.


Post a Comment

Previous Post Next Post