തിരുവനന്തപുരം: കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതോടെ കേരളത്തില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ ശക്തമായതോടെ പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും, ലൈനുകള്‍ പൊട്ടിവീഴുകയും ചെയതിട്ടുണ്ട്. അതുകൊണ്ട് വലിയ പ്രതിസന്ധിയാണ് വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മഴ തുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പണി വരുന്ന വിഭാഗമാണ് കെഎസ്ഇബി. മഴയ്ക്ക് മുന്‍പ് തന്നെ ചാഞ്ഞമരങ്ങള്‍ വെട്ടിയൊതുക്കിയും, ലൈനുകള്‍ നവീകരിച്ചും കെഎസ്ഇബി മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാലും ദുരന്തങ്ങള്‍ തുടര്‍ കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് കെഎസ്ഇബിക്ക് വരുന്നത്. പലരും പരാതി പറയാന്‍ വിളിച്ചിട്ട് ഫോണ്‍ കണക്ട് ആവുന്നില്ലെന്ന് പരാതിയും പറയുന്നു
ഈ സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പുതിയ നമ്പര്‍ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇനിമുതല്‍ വൈദ്യതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് 1912 എന്ന നമ്പറിലോ, അല്ലെങ്കില്‍ 9496001912 എന്ന നമ്പറിലോ വിളിച്ചറിയിക്കാനാവും. അതുമല്ലെങ്കില്‍ 9496001912 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം.
ഈ നമ്പറുകള്‍ക്ക് പുറമെ 9496010101 എന്ന അടിയന്തര നമ്പറും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സേവനം ദുരുപയോഗം ചെയ്യരുതെന്നും, എമര്‍ജന്‍സി ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ പ്രതിസന്ധികള്‍ ആദ്യം അറിയിക്കേണ്ടത് അതത് സെക്ഷന്‍ ഓഫീസുകളിലാണെന്നും മന്ത്രി അറിയിച്ചു.