Trending

‘ആരെയും അറിയില്ല, ആരും ഉപദ്രവിച്ചില്ല’; അന്നൂസിനെ പാര്‍പ്പിച്ചത് മൈസൂരുവില്‍ രഹസ്യകേന്ദ്രത്തില്‍.





സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചത് മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലെന്ന് പൊലീസ്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സംഘം യുവാവുമായി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു എന്നും താമരശേരി ഡിവൈഎസ്പി സുഷീര്‍ പറഞ്ഞു. പൊലീസിനെ ഭയന്ന് സംഘം പാലക്കാട് ഇറങ്ങുകയും അന്നൂസിനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയും ചെയ്തു. കേസിൽ മൂന്ന് പ്രതികൾ പിടിയിലാണ്. ടാക്സി ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്നൂസ് റോഷന്റെ സഹോദരനുമായുള്ള  ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകാൻ കാരണം. 

അതേസമയം, കൊടുവള്ളിയില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് അന്നൂസ് റോഷന്‍ പ്രതികരിച്ചു. ആരെയും പരിചയമില്ലെന്നും ഉപദ്രവിച്ചില്ലെന്നും യുവാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ തന്നെ പിന്നീട് മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു. തിരിച്ചുകൊണ്ടുവിട്ടത് മൂന്നുപേരാണ്. ഭക്ഷണവും വസ്ത്രവും തന്നു, സംഭവത്തില്‍‌ ടാക്സി ഡ്രൈവര്‍ക്ക് പങ്കില്ലെന്നും അന്നൂസ് റോഷന്‍‌ പറഞ്ഞു. തട്ടിക്കൊണ്ടുപോയി അഞ്ചാം നാളാണ് അന്നൂസിനെ കണ്ടെത്തുന്നത്. പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് അന്നൂസിന്‍റെ കുടുംബം പ്രതികരിച്ചു. 

കർണാടക രജിസ്ട്രേഷനുള്ള കാറിൽ കൊണ്ടോട്ടിയിൽ എത്തിയ അന്നൂസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നൂസിന്റ ഫോണിന്റ ടവര്‍ ലൊക്കേഷന്‍ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  മലപ്പുറത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അന്നൂസുമായി താമരശേരിചുരം വഴി മൈസൂരിലേക്ക്കടന്ന സംഘം അവിടെ ഒരു ഹോട്ടലിലാണ് തങ്ങിയത്. പൊലീസ് മൈസൂരുവിലെത്തുന്ന വിവരം അറിഞ്ഞ്  സംഘം യുവാവിനെയും കൊണ്ട് ടാക്സിയില്‍  രക്ഷപെടുകയായിരുന്നു. വരുന്നവഴി സംഘം പാലക്കാട് ഇറങ്ങിയെന്നും തന്നെ അതേ ടാക്സിയില്‍ തന്നെ കൊണ്ടോട്ടിയിലേക്ക് വിട്ടെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.


തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അനൂസ് റോഷനുമായി പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നുവെന്നും ഇവര്‍ മൈസൂരുവില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിനായി കര്‍ണാടകയിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ പ്രധാന ഏഴ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. 

Post a Comment

Previous Post Next Post