പി.വി. അന്‍വര്‍ യുഡിഎഫുമായി ചര്‍ച്ചയ്ക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.വി. അന്‍വറുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയതെന്നാണ് സൂചന.
യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്. താന്‍ ഇനി യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി അതിനുള്ള ഗതിയില്ല. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ ഞെരിച്ച് വൈറും പൂജ്യമാക്കി കളഞ്ഞെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൂടെ നില്‍ക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി ഇന്നും അതിന് വേണ്ടി പരിശ്രമിക്കുന്നു. എന്നിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും. യുഡിഎഫിന് അകത്തു വന്നാലും ഞാന്‍ ഇങ്ങനെ തന്നെയാകും. അഞ്ച് മാസമായി വാലില്‍ കെട്ടി നടത്തുന്നു. യുഡിഎഫ് നിര്‍ത്തുന്ന ഏത് ചെകുത്താനായാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞതാണ്. ചെകുത്താന്‍ എന്നത് ഒരു പ്രയോഗമാണെന്നും അന്‍വര്‍ പറഞ്ഞു.
മറ്റാരെയെങ്കിലും മത്സരിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും കഴിഞ്ഞ ദിവസം അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാവിലത്തെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് മത്സരിക്കാന്‍ ആലോചിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. എന്‍ഡിഎയും മത്സര രംഗത്തേക്കെത്തുന്നതോടെ കൂടുതല്‍ സജീവമാകുന്ന രാഷ്ട്രീയ മണ്ഡലത്തില്‍ അന്‍വറിന്റെ പിന്തുണ കൂടി യുഡിഎഫിന് നഷ്ടപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് യുഡിഎഫ് തിരക്കിട്ട ചര്‍ച്ച നടത്തിയത്.
അതേസമയം അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാമെന്നായിരുന്നു നേരത്തെ യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഫോര്‍മുല അന്‍വറിനെ നേരിട്ട് അറിയിക്കുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചിരുന്നു. തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്‍വറിനെ ചൊടിപ്പിച്ചിരുന്നു. മുന്നണിയിലേക്ക് എടുക്കുന്നതില്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഇനിയും സമയമുണ്ടല്ലോ എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നെങ്കിലും അന്‍വര്‍ യുഡിഎഫിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു.