കണ്ണൂർ: വളപട്ടണത്ത് പുഴയിൽ ചാടി കാണാതായ നിർമാണ തൊഴിലാളിയായ യുവാവിനായി തിരച്ചിൽ. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയിൽ വളപട്ടണം പാലത്തിനു മുകളിൽനിന്ന് ഇരുവരും പുഴയിൽ ചാടിയത്. പെരിയാട്ടടുക്കത്തെ രാജു (39) വിനെയാണ് കാണാതായത്.
യുവതിയെ വളപട്ടണം പുഴയോരത്ത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ ആണ് കണ്ടെത്തിയത്. ഈ യുവതിയെ കാണാനില്ലെന്ന് ബേക്കൽ പൊലീസിൽ നേരത്തെ പരാതി ലഭിച്ചിരുന്നു. തന്‍റെ ആൺ സുഹൃത്തും തന്നോടൊപ്പം പുഴയിൽ ചാടിയിട്ടുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതി നീന്തിക്കയറിയെങ്കിലും ആൺ സുഹൃത്തിനെ കാണാതാകുകയായിരുന്നു. ബേക്കൽ പൊലീസ് വളപട്ടണത്തെത്തി യുവതിയുമായി തിരികെ പോകുകയും ചെയ്തു.
ഇതോടെ പൊലീസും ഫയർഫോഴ്സും യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി. പുഴയിൽ തിരച്ചിൽ നടത്തവെ മറ്റൊരാളുടെ മൃതദേഹം കണ്ടുകിട്ടിയിട്ടുണ്ട്. അഴീക്കോട് കപ്പക്കടവിലെ ചേലോറ കണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (45) മൃതദേഹമാണ് കണ്ടുകിട്ടിയത്