പാലക്കാട്: സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടി കെ അഷ്‌റഫ് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് പാലക്കാട് ഉപ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു. പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ ടികെ അഷ്‌റഫ് വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സൂംബ പരിശീലനം വിവാദമായിരുന്നു.
'യോജിക്കാന്‍ കഴിയാത്ത ആളുകളില്‍ പോലും സൂംബ അടിച്ചേല്‍പ്പിക്കുകയാണ്. കുട്ടികളെ സംസ്‌കാര സമ്പന്നരായി വളര്‍ത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല' എന്നാണ് വിഷയത്തില്‍ ടി കെ അഷ്‌റഫ് നേരത്തെ പ്രതികരിച്ചത്.