തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.ഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ലെന്നും സതീശൻ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇ.ഡിക്ക് ഇടപെടാൻ സാധിക്കുക. വിദേശത്ത് പോയി കൂടുതൽ പലിശക്ക് പണം കടമെടുത്തെന്നാണ് ആക്ഷേപം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്കിന് ഇ.ഡി അയച്ച നോട്ടീസ് പ്രസക്തിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.കെ. ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. എ.കെ.ജി. സെന്‍റർ ആക്രമണത്തെ കുറിച്ചുള്ള പി.കെ. ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനയിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ മടിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി. തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന നിലപാടാണ് ഐസക്കും സി.പി.എമ്മും സ്വീകരിച്ചത്.