Trending

ലോറി സ്‌കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം


കോട്ടയം: എം.സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകക്ക് താമസിക്കുന്ന പുത്തൻമഠം വീട്ടിൽ സുദർശനൻ (റിട്ട. മിലിട്ടറി- 67), ഭാര്യ ഷൈലജ (57) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെയായിരുന്നു അപകടം. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങൾക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ തിരുവല്ലയിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജ മരിച്ചു.

സുദർശനന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഷൈലജയുടെ മൃതദേഹം ജനറൽ ആശുപത്രിയിലും സുദർശനന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും. മക്കൾ: ശരത്, സുധീഷ് (ഇരുവരും ദുബൈ). മരുമക്കൾ: അഞ്ജലി, നിമിഷ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post