താമരശ്ശേരി:: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ‘നീതി വീട്ടുപടിക്കല്‍’ എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യമായി ആരംഭിച്ച ‘ഗ്രാമ ന്യായാലയം’ത്തിൽ ന്യായാധിപനില്ല. 2016 ജൂലായ് 23 ന് ആണ് കൊടുവള്ളി ബ്ലോക്ക് പരിധിയിലെ ഗ്രാമ ന്യായാലയ് താമരശ്ശേരിയിൽ ആരംഭിച്ചത്.
തുടക്കത്തിൽ നിയമിച്ച ന്യായാധികാരി 2019 ൽ സ്ഥലം മാറി
പോയ ശേഷം ഇതുവരെ ന്യായാധികാരിയെ നിയമിച്ചിട്ടില്ല.
താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റുമാരിൽ ആർക്കെങ്കിലും ചാർജ് നൽകി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമായിരുന്നു പ്രവർത്തനം. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. ഇതു മൂലം പല കോടതികളിൽ നിന്നും ഇവിടേക്ക് മാറ്റിയ കേസുകളും, ഈ കേടതിയിൽ നേരിട്ട് നൽകിയ ഹരജികളുമടക്കം 1600 ഓളം കേസുകളാണ് കെട്ടി കിടക്കുന്നത്
പാര്‍ലമെന്റ് പാസാക്കിയ 2008ലെ ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ചാണ് ഗ്രാമ കോടതി സ്ഥാപിച്ചത്.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 30 ഗ്രാമ ന്യായാലയങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടക രഹിതമായാണ് ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കുന്നത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, പുതുപ്പാടി എന്നിങ്ങനെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളാണ് താമരശ്ശേരി ഗ്രാമ ന്യായാലയത്തിന്റെ അധികാര പരിധിയില്‍ വരുന്നത്. .
മുന്‍കൂട്ടി തയാറാക്കിയ സമയക്രമ പ്രകാരം ഗ്രാമതലങ്ങളില്‍ സിറ്റിങ് നടത്തുന്ന സിവില്‍, ക്രിമിനല്‍, കുടുംബ കോടതികളായാണ് ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കുന്നത്.
സിറ്റിങ് ഓഫിസുകള്‍ അതാത് പഞ്ചായത്തുകളാണ് ഒരുക്കി കൊടുത്തത്. . ഒന്‍പതു ജീവനക്കാരെയാണ് ആദ്യ ഘട്ടം ഡെപ്യൂട്ടേഷനില്‍ ഗ്രാമ ന്യായാലയയിലേക്കു നിയമിച്ചത്.പിന്നീട് സ്റ്റാഫ് പാറ്റേൺ പ്രകാരമുള്ള നിയമനങ്ങൾ നടന്നു.
മുന്‍സിഫ് മജിസ്‌ട്രേറ്റ് പദവിയിലുള്ള ഗ്രാമ ന്യായാലയങ്ങളിലെ ന്യായാധിപന്‍ ‘ന്യായാധികാരി’ എന്ന ഉദ്യോഗപ്പേരിലാണ് അറിയപ്പെടുന്നത്
ജൂനിയര്‍ സൂപ്രണ്ട്തലത്തിലുള്ള ഒരു സെക്രട്ടറി, മൂന്നു ക്ലര്‍ക്ക്, ഒരു സ്റ്റെനോഗ്രാഫര്‍, ഒരു ആമീന്‍, നാലു പ്രൊസസര്‍മാര്‍, ഒരു ഡ്രൈവര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് ഗ്രാമ ന്യായാലയങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടുവര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങള്‍, ഇരുപതിനായിരം രൂപയില്‍ കവിയാത്ത മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മോഷണ വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തില്‍ അവമതിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശ്രമം, പ്രേരണ, സഹായം, ഗുഢാലോചന എന്നിവയെല്ലാം ഗ്രാമ ന്യായാലയങ്ങളുടെ പരിധിയില്‍ വരുന്ന കേസുകളാണ്.
2005ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള പരാതികള്‍, ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചെലവിന് നല്‍കാത്തത് സംബന്ധിച്ച പരാതികള്‍, തൊഴിലാളികളുടെ കൂലി സംബന്ധമായ കുറ്റങ്ങള്‍, തുല്യജോലിയ്ക്ക് തുല്യവേതനം സംബന്ധിച്ച കുറ്റങ്ങള്‍, അടിമവേല നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയെല്ലാം ഗ്രാമന്യായാലയങ്ങള്‍ പരിഗണിക്കുന്നുണ്ട്.
വസ്തു വാങ്ങല്‍, പൊതുമേച്ചില്‍ സ്ഥലത്തിന്റെ ഉപയോഗം, കൈവശാവകാശം, കനാല്‍, കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയില്‍ നിന്നുമുള്ള വെള്ളത്തിന്റെ നിയന്ത്രണം, കൂട്ടുകൃഷി, വനവിഭവ ഉപയോഗം എന്നിവ സംബന്ധിച്ച 50,000 രൂപയില്‍ കവിയാത്ത സിവില്‍ തര്‍ക്കങ്ങളും ഗ്രാമ ന്യായാലയില്‍ പരിഗണിച്ച് വരുന്നുണ്ട്.
വിചാരണയ്ക്ക് മുന്‍പായി ഗ്രാമ ന്യായാലയങ്ങള്‍ മധ്യസ്ഥശ്രമം നടത്തുന്നതിനായി ജില്ലാ ജഡ്ജ് തയാറാക്കുന്ന പാനലില്‍ നിന്ന് കണ്‍സിലിയേറ്റര്‍മാരെയും നിയമിക്കുന്നുണ്ട്.
വിചാരണ അതിവേഗത്തില്‍ നടത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിച്ച് വിധിപ്പകര്‍പ്പ് വാദിയ്ക്കും പ്രതിയ്ക്കും സൗജന്യമായി ഇവിടെ ലഭ്യമാക്കുന്നുണ്ട്.
സൗജന്യ നിയമ സേവനത്തിന് അര്‍ഹരായവര്‍ക്ക് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ പാനല്‍ അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.
എന്നാൽ ഉദ്ഘാടനം നടത്തി എന്നല്ലാതെ ഏറെക്കാലവും ന്യായാലയത്തിൽ ന്യായാധികാരി ഇല്ലാത്ത അവസ്ഥയാണ്.
താമരശ്ശേരിയിലെ ന്യായാലയത്തിൽ നിലവിലും "ന്യായാധികാരി" ഇല്ല. അധിനാൽ ഗ്രാമ ന്യായാലയത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണ്.