Trending

ചുരത്തില്‍ കാറുകളെ ഇടിച്ച് ലോറി നിർത്താതെ പോയി; പിന്തുടർന്ന് പൊക്കി നാട്ടുകാർ, കേസെടുത്തു





താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാരും പൊലീസും. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ചുരത്തില്‍ ഏഴാംവളവിനും ആറാംവളവിനുമിടയിലായിരുന്നു സംഭവം. ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. വയനാട്ടില്‍ നിന്ന് കുടുംബവുമായി മലപ്പുറം മഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് കാറുകളിലാണ് താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ ലോറിയിടിച്ചത്. 

ഒരു കാറിന് കാര്യമായ കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിര്‍ത്താതെപോയ ലോറിയെ മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പിന്തുടര്‍ന്നു. ഇതിനൊപ്പം തന്നെ നാട്ടുകാര്‍ വൈത്തിരി പൊലീസിലേക്ക് വിവരം കൈമാറിയിരുന്നു. വിവരമറിഞ്ഞ് വൈത്തിരിക്കടുത്ത് ചേലോട് വെച്ച് ലോറിയെ തടയുകയായിരുന്നുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. അതേ സമയം അപകടമുണ്ടാക്കിയെന്ന കേസ് താമരശ്ശേരി പൊലീസ് ആയിരിക്കും കൈകാര്യം ചെയ്യുക. 



ചുരം താമരശ്ശേരി പൊലീസിന്റെ പരിധിയിലാണ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്നുള്ള കേസിന്റെ നടപടിക്രമങ്ങള്‍ വൈത്തിരി പൊലീസായിരിക്കും ചെയ്യുക. നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ചുരത്തിലൂടെ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം

Post a Comment

Previous Post Next Post