കോതമംഗലം: പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്.
അടുത്തുള്ള പുരയിടത്തിൽ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭർത്താവ് അൻസൽ സൗദിയിലാണ്. മുഹമ്മദ് ഇൻസാം, മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ എന്നിവർ മക്കളാണ്.