Trending

കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി





കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ മുസല്ല റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.


അതേ സമയം ജില്ലയില്‍ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ 2022ല്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഹോട്ടല്‍- റെസ്റ്റോറന്റ് പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നതായും അധികാരികള്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയായിട്ടു പോലും ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണാത്തതാണ് തുടരെയുള്ള ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.  തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരത്ത് 2022 മെയ് മാസത്തില്‍ പെരുന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ടാക്കിയ കുഴിമന്ത്രിയില്‍ നിന്നും വിഷബാധയേറ്റ കാര്യം സൂചിപ്പിച്ചിരുന്നു. പന്ത്രണ്ട് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.


Post a Comment

Previous Post Next Post