തുറവൂർ (ആലപ്പുഴ): ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി (48) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ലോറിക്കടിയിൽപ്പെട്ട ജ്യോതി തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.
എറണാകുളം ജില്ല കോടതിയിൽ ജൂനിയർ സൂപ്രണ്ടാണ് മരിച്ച ജ്യോതി. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. സ്കൂളിലെ അധ്യാപകനാണ് ശ്രീനിവാസ ഷേണായി. മക്കൾ: അഭിഷേക് എസ്. ഷേണായി (പ്ലസ് ടു വിദ്യാർഥി , ടി.ഡി എച്ച്എസ്എസ്, തുറവൂർ), അക്ഷത എസ്. ഷേണായി (മൂന്നാം ക്ലാസ് വിദ്യാർഥിനി, വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. സ്കൂൾ).