Trending

അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ചു; നടപടി രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെ






കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു. തമിഴ്നാട് വനംവകുപ്പാണ് മയക്കുവെടി വച്ചത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് ആനയെ മയക്കുവെടി വച്ചത്. രണ്ടു ഡോസ് മയക്കുവെടി നൽകിയതായാണ് വിവരം.

അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റിയെന്നാണ്  വിവരം. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷം വനത്തിനുള്ളിലേക്ക് വിടും.


മേയ് 27 ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്ത്രി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങിയതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.


നേരത്തെ, ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29 ന് മയക്കുവെടി വച്ച് നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്ക് മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് മേയ് മാസം അവസാനത്തോടെ കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

Post a Comment

Previous Post Next Post