ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി.
സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആലപ്പുഴ സ്വദേശിയും ബെംഗളൂരു നാഗവാരയിലെ ഐ.ടി. ഉദ്യോഗസ്ഥനുമായ ശ്രീകുമാറിനെ കവർച്ചയ്ക്ക് ഇരയായത്. ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ഹുലിമംഗലയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വഴി തടഞ്ഞു നിർത്തി മൊബൈൽഫോണും നാല് പവനുള്ള സ്വർണമാലയും പണമടങ്ങിയ പേഴ്‌സും ശ്രീകുമാറിൽ നിന്നും രണ്ടംഗ സംഘം കൊള്ളയടിക്കുകയായിരുന്നു.
ഇവിടെയുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ബന്ധുവിൻ്റെ സ്ഥലത്തിൻ്റെ കരമടയ്ക്കാനായി നടന്നു പോകവേയാണ് സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം പിറകെ എത്തി ശ്രീകുമാറിനെ ആക്രമിച്ചത്. റോഡിൽ മറ്റു ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ, കഴുത്തിലുണ്ടായിരുന്ന നാല് പവൻ്റെ മാല, 10,500 രൂപ അടങ്ങിയ പേഴ്സ് എന്നിവ ബലമായി എടുത്ത് ശേഷം ശ്രീകുമാറിനെ നിലത്ത് തള്ളിയിട്ട് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഏകദേശം 25-30 പ്രായം തോന്നുന്ന യുവാക്കളാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹെബ്ബാഗുഡി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.