Trending

നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി





കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി 
പറഞ്ഞത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി.വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. 

കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്‍റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.


കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത് ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ പ്രതികരിച്ചു.സൗമ്യ വധക്കേസില്‍ ആളൂര്‍ വക്കീലാണ് ഗോവിന്ദച്ചാമിക്കായി ഹാജരായത്. തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇത്രയും കാലവും മോള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. അവള്‍ക്ക് നീതി കിട്ടാനായിരുന്നു പ്രാര്‍ത്ഥന. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.


കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.




Post a Comment

Previous Post Next Post