കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ കട്ടിപ്പാറ വില്ലേജിലെ ESA പ്രദേശങ്ങളുടെ KML/ Shape file സംയുക്ത പരിശോധനയിൽ കൃഷി ഭൂമികൾ ഉൾപ്പെട്ടതായി കണ്ടെത്തി.
അമരാട്, കൊളമല പ്രദേശങ്ങളിലെ പരിശോധനയിലാണ് കൃഷി ഭൂമിയിലേക്ക് ESA പ്രദേശങ്ങൾ കടന്നുവന്നത് കണ്ടെത്തിയത്.
അമരാട് മലയിൽ ഫോറസ്റ്റ് ജണ്ടയിൽ നിന്നും 20 മീറ്റർ ആകാശദൂരം കൃഷി ഭൂമിയിലേക്ക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നല്കിയ ഷേപ്പ് ഫയലിൽ നിന്നും ESA പ്രദേശങ്ങൾ ഉൾപ്പെട്ടതായും, കൊളമലയിൽ 12 മീറ്റർ ആകാശദൂരം പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതായും കണ്ടെത്തി.
കനത്ത മഴയെ അവഗണിച്ചാണ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയത്.
വാർഡ് മെമ്പർമാരായ മുഹമ്മദ് ഷാഹിം, ജീൻസി തോമസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ, വില്ലേജ് ഓഫീസർ ബഷീർ, ഫോറസ്റ്റർ വിജയകുമാർ, ടെക്നിക്കൽ ടീമംഗങ്ങളായ ശിൽപ പ്രസാദ് (AE), ഷാക്കിർ (AE), ജോസ് പ്രകാശ് (IT),പി.സി.തോമസ്, സെബാസ്റ്റ്യൻ കണ്ണന്തറ, രാജു തുരുത്തിപ്പള്ളി, ബെന്നി ലൂക്ക, കർഷകർ തുടങ്ങിയവർ പരിശോധനയിൽ പങ്കാളികളായി.
ESA യിൽ ഉൾപ്പെട്ട കാർഷിക പ്രദേശങ്ങൾ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനായി അടിയന്തിര ഭരണ സമിതി തീരുമാനം എടുത്ത് സംസ്ഥാന ഗവൺമെന്റിനെ അറിയിക്കുമെന്ന് പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.