മേപ്പാടി: രക്ഷാപ്രവർത്തനത്തിനിടക്ക് വൈറ്റ് ഗാർഡിൻ്റെ ഊട്ട്പുപുരയിൽ നിന്നും ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ രക്ഷാ മുഖത്ത് മുഴുവൻ സമയം സേവനം നടത്തുന DYFI പ്രവർത്തകനെ അവഹേളിച്ച് പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ പേരിൽ കഴിച്ച ഭക്ഷണത്തിൻ്റെ തുക അയച്ചു നൽകി.ടി.പി ഷമീറണ് തുക അയച്ചുകൊടുത്തത്.
അതോടൊപ്പം DYFI പ്രവർത്തകൻ സാദിഖ
അലി ശിഹാബ് തങ്ങൾക്ക് അയച്ച കുറിപ്പ് താഴെ.
പ്രിയപ്പെട്ട സാദിഖ് അലി ശിഹാബ് തങ്ങൾ,
മുസ്ലിം ലീഗിന്റെ അക്കൗണ്ടിലേക്ക് നൂറ് രൂപ സംഭാവന ചെയ്തിട്ടുണ്ട്,
അതൊരു ഭക്ഷണത്തിന്റെ വിലയാണ്.
വയനാട്ടിലെ ദുരന്ത മുഖത്ത് അക്ഷീണമായി പ്രവർത്തിക്കുന്ന ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ അവിടുത്തെ ഒരു ഭക്ഷണ കേന്ദ്രത്തിൽ കയറി ഭക്ഷണം കഴിക്കുന്ന ചിത്രമെടുത്ത് 'ഡിവൈഎഫ്ഐക്കാരൻ
ലീഗുകാർ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നു'
എന്ന് വളരെ ആക്ഷേപകരമായ ഭാഷയിൽ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും പോസ്റ്റുകളും ലീഗ് പ്രവർത്തകർ പ്രചരിപ്പിക്കുന്നത് കണ്ടതിനെ തുടർന്നാണ് ഈ പണമയക്കുന്നത്.
നിങ്ങൾക്കുമറിയാവുന്നത് പോലെ,
എരിയുന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിലേക്ക് ഹർത്താലും മഴയും വെയിലുമൊന്നും വകവയ്ക്കാതെ സ്നേഹത്തിന്റെ ചോറുപൊതികളുമായി ആറുവർഷത്തിനിടെ കോടി കണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്ത സംഘടനയാണ് ഡിവൈഎഫ്ഐ.
പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന നേരത്ത് അത് സ്വീകരിക്കുന്നവരുടെ രാഷ്ട്രീയമോ മതമോ വർഗ്ഗമോ നോക്കാതെയാണ് ആ യുവജന സംഘടന അത് നൽകി പോരുന്നത്.
കാരണം വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കുക എന്നത് മാത്രമാണ് ആ ദൗത്യത്തിൽ ആ സംഘടന ലക്ഷ്യമാക്കുന്നത്.
ഇന്നോളം ഏതെങ്കിലും ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ പൊതി ചോറുകളുടെ പേരിൽ ഒരാളോടും ആക്ഷേപകരമായ ഭാഷയിൽ സംസാരിച്ചിട്ടില്ല,സംസാരിക്കുകയുമില്ല.
നൽകുന്നവരും വാങ്ങുന്നവരും അപരിചിതരായ മനുഷ്യരായിട്ടും അജ്ഞാതമായ സ്നേഹത്താൽ പരസ്പരമൂട്ടുന്ന നമ്മുടെ നാടിന്റെ
സാഹോദര്യത്തിന്റെ നേർ ചിത്രമാണ് ആ പൊതിച്ചോറുകൾ.
ദയവായി ഈ തുക സ്വീകരിച്ചു,
സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ സഖാവിനെ അധിക്ഷേപിക്കുന്ന,
നിങ്ങളുടെ പ്രവർത്തകരെ അതിൽ നിന്ന് പിന്തിരിപ്പിക്കണം.
ആ സഖാവിന്റെ അഭിമാനത്തേക്കാൾ വലുതല്ല ഞങ്ങൾക്കൊന്നും,
അദ്ദേഹം ധരിച്ചിരുന്ന ടിഷർട്ടിൽ എഴുതിയ നാലക്ഷരങ്ങളുള്ള ആ സംഘടനയോട് ഞങ്ങൾക്ക് വൈകാരികതയുണ്ട്.
വയനാടിന്റെ വീണ്ടെടുപ്പിനായി
നമ്മുക്ക് ഒരുമിച്ചു മുന്നേറാം.
സ്നേഹാഭിവാദ്യങ്ങൾ..