Trending

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി; ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി









കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.


വൈകുന്നേരത്തോടെ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനായാണ് ബെയിലി പാലം നിര്‍മിക്കുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെങ്കില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകണം. മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്. സൈന്യം നിര്‍മിച്ച താല്‍ക്കാലിക


നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും

Post a Comment

Previous Post Next Post