കാസർകോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ഒടുവിൽ നടപടി. ചന്തേര പൊലീസ് സബ് ഇൻസ്‌പെക്ടർ പി. അനൂപിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വൻ വിമർശനമുയർന്നതിനു പിന്നാലെയാണു നടപടി. അതിനിടെ, എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിന്റെ മനംനൊന്താണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുൽ സത്താർ(55) ജീവനൊടുക്കിയത്. ഫേസ്ബുക്കിൽ മരണകാരണം കുറിച്ചുവച്ചായിരുന്നു ആത്മഹത്യ ചെയ്തത്. മരണത്തിനു നാലുദിവസം മുൻപ് കാസർകോട് ഗീത ജങ്ഷൻ റോഡിൽ സത്താർ ഗതാഗതനിയമം ലംഘിച്ചെന്ന് ആരോപിച്ച് ടൗൺ പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം വാഹനം വിട്ടുകിട്ടാൻ പലതവണ സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും പൊലീസ് ഇതിനു തയാറായിരുന്നില്ല.
അതിനിടെ, എസ്‌ഐയായിരുന്ന അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ് ഉദ്യോഗസ്ഥൻ മർദിക്കുന്നത്. വഴിയിൽ ഇറക്കിവിട്ടെന്ന് യാത്രക്കാർ നൽകിയ പരാതിയിലാണ് അനൂപ് നൗഷാദിനെ ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്.