Trending

ഫ്രഷ്കട്ട് കോഴി അറവ് മാലിന്യ പ്ലാൻ്റിനെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ കലക്ടർ. ഉടമക്ക് അടിയന്തിര നോട്ടീസ് നൽകി .




താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ ഇരുതുള്ളിപ്പുഴയുടെ തീരത്ത് മലിനീകരണ ബോർഡിൻ്റെ റെഡ് കാറ്റഗറി ലിസ്റ്റിൽപ്പെട്ട്  പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നുണ്ടാവുന്ന അതിരൂക്ഷമായ ദുർഗന്ധം മൂലം കഴിഞ്ഞ 4 വർഷമായി ശ്വാസം മുട്ടി ജീവിക്കുന്ന കോടഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് നിവാസികൾ വർഷങ്ങളായി സമരത്തിലാണ്. കട്ടിപ്പാറ പഞ്ചായത്തിലേക്കും ഫ്രഷ്കട്ട് പ്ലാൻ്റിലേക്കും നിരവധി ജനാധിപത്യ പ്രതിഷേധങ്ങളും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജിയടക്കം നല്കിയെങ്കിലും ഒരു പരിഹാരവും കാണാതെ വന്ന സാഹചര്യത്തിലാണ് തിരുവമ്പാടി MLA  ലിൻ്റോ ജോസഫ് നേതൃത്വം കൊടുത്ത് കൊണ്ട് നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊപ്പം ഇരകളെ ചേർത്ത് പിടിച്ചു കൊണ്ട് പുതിയ സമരപരമ്പരക്ക് നേതൃത്വം നൽകിയത്.ഇതിൻ്റെ ഭാഗമായി കളക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ച് വിളംബര ജാഥ നടത്തിയ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ  സമരസമിതിയെ ചർച്ചക്ക് വിളിച്ചത്. സ്ഥാപനം നടത്തുന്ന നിയമലംഘനങ്ങൾ സമരസമിതി DLFMC യോഗത്തിൽ  രേഖകൾ സഹിതം അവതരിപ്പിക്കുകയും ഈ പ്ലാൻ്റിന് പ്രവർത്തനാനുമതി നിഷേധിക്കണമെന്നും ആ സാഹചര്യത്തിൽ കോഴി അറവ് മാലിന്യം മറ്റ് ജില്ലകളിലെ അംഗീകൃത പ്ലാൻ്റുകൾക്ക് നല്കി പകരം സംവിധാനം ഏർപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം സമരസമിതി പ്ലാൻ്റിലേക്ക് അനശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ചർച്ചയിൽ പറഞ്ഞു. വിഷയം കൃത്യമായി വിശകലനം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ സ്ഥാപനത്തിന് അടിയന്തിര മെമ്മോ നൽകിയിരിക്കുകയാണ്. അതോടൊപ്പം പ്ലാൻ്റിൻ്റെ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് മലിനീകരണ വിഷയം പരിഹരിച്ചില്ലെങ്കിൽ ലൈസൻസ് പുതുക്കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നും കളക്ടറുടെ നോട്ടീസിൽ പറയുന്നു. ഈ സ്ഥാപനത്തിൻ്റെ ലൈസൻസ് പുതുക്കി നല്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ജില്ലാ ഓഫീസിൽ നേരിട്ട് പരാതി നല്കിയിരിക്കുകയാണ്. അനുകൂലമായ നടപടി ഉണ്ടാകാത്തപക്ഷം  അനശ്ചിതകാല  ജനാധിപത്യ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാൻ എ. എം ഫൈസൽ , കൺവീനർ ആൻ്റു മണ്ടകത്ത്, ട്രഷറർ ഷാനു കരിമ്പാലകുന്ന് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post